മീനങ്ങാടി: വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് ജെസിബി താഴ്ചയിലേക്ക് മറിഞ്ഞു.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മീനങ്ങാടി ചെണ്ടക്കുനി കനാൽ റോഡിലാണ് ജെസിബി 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
സാരമായി പരിക്കേറ്റ ചെണ്ടക്കുനി സ്വദേശികളായ റോസ്പിൻ, ദിലീപ് എന്നിവരെ വയനാട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട ബിജുവിന് നിസാര പരിക്കേറ്റു. വീതി കുറഞ്ഞ കനാൽ റോഡിൽ ടാറിംഗ് പൂർത്തിയായത് കുറച്ചു ദിവസങ്ങൾക്ക് മുന്പാണ്. റോഡിന്റെ വശങ്ങൾ സുരക്ഷിതമാക്കണമെന്നും സംരക്ഷണഭിത്തി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.